CRHS VALIATHOVALA

Wednesday, March 15, 2017

വളരട്ടെ എന്റെ വിദ്യാലയം


                                                                                                                                                     നിന്നി മേരി ബേബി                                                    പൂര്‍വ്വവിദ്യാര്‍ത്ഥി (സബ് എഡിറ്റര്‍, മലയാള മനോരമ)


വീട്ടുപറമ്പിനപ്പുറത്ത് ആദ്യം തനിയെനടന്നു കണ്ട ലോകം വീട്ടിൽനിന്ന് ഈ സ്കൂളിലേക്കുള്ള വഴിയിലായിരുന്നു. ആ രണ്ടു കിലോമീറ്ററിലാണ് ലോകം കണ്ടുതുടങ്ങിയത്; അറിഞ്ഞു തുടങ്ങിയത്. വീട്ടുകാർക്കു ശേഷം വഴിതെളിച്ചവർ ഈ സ്കൂളിലെ അധ്യാപകരാണ്. ഞങ്ങളിൽ പലരുടെയും വീട്ടുകാരും ലോകം കണ്ടുതുടങ്ങിയത് ഇവിടെനിന്നായിരുന്നു.
മൂന്നാം ക്ലാസിലെത്തിയപ്പോഴേ സിലബസ് പരിഷ്കാരം ഡിപിഇപി രൂപത്തിൽ എത്തിയതിനാൽ ഹോംവർക്കുകൾ ഞങ്ങളെ വേവലാതിപ്പെടുത്തിയില്ല. ചൂരൽവടികൾ പേടിപ്പിച്ചില്ല. അതിരുകളുടെയും അരുതുകളുടെയും വേലികൾ ഞങ്ങൾക്കു മുന്നിൽ ഒരിക്കലുമടയാതെ കിടന്നു. തുമ്പികൾക്കും കിളിക്കൊഞ്ചലുകൾക്കും നേരംനോക്കാതെ കൂട്ടുപോകാനുള്ള ബാല്യകൗതുകങ്ങൾക്കു ടീച്ചർമാരും കൂട്ടുവന്നു. കുഞ്ഞു ക്ലാസിൽ കണ്ട സ്വപ്നങ്ങൾ, ലക്ഷ്യങ്ങളായി രൂപാന്തരം പ്രാപിച്ചപ്പോഴും പിന്നെയോരോ കാൽവയ്പും ആ ലക്ഷ്യത്തിലേക്കാകാൻ അവർ കൈപിടിച്ചു. അങ്ങനെ, ഞങ്ങളൊക്കെ ഞങ്ങളായി!
സ്കൂളോർമകൾക്കു പല നിറങ്ങളാണ്. വരാന്തയിൽനിന്നു കാലുതെറ്റി മുറ്റത്തുവീണപ്പോൾ കാൽമുട്ടിലുണ്ടായ കുഞ്ഞുമുറിവിന്റെ ചോരച്ചുവപ്പു നിറം, കോരിയെടുത്തു സ്റ്റാഫ്റൂമിൽ കൊണ്ടുപോയ മോളിക്കുട്ടി ടീച്ചർ പുരട്ടിത്തന്ന മരുന്നിന്റെ മഞ്ഞനിറം, പെറ്റുകൂട്ടാനിരിക്കുന്ന കുഞ്ഞുങ്ങളെ കാത്ത് വല്യവധി തുടങ്ങിയ ദിവസം പുസ്തകത്താളിലൊളിപ്പിച്ചുവച്ച മയിൽപീലിയുടെ പച്ചനിറം, മഴക്കാലത്തു കുഞ്ഞുപൊട്ടുകളായി പാവാടയിൽ തെറിച്ച ചെളിനിറം, കുഞ്ഞുമോൻ ചേട്ടന്റെ കടയിലെ ഭരണികളിലിരുന്ന പൊതിയാമിഠായികളുടെ പലനിറം, ക്ലാസ്റൂമിലെ ഭിത്തികളെയലങ്കരിച്ച ചാ‍ർട്ട് പേപ്പറുകളിൽ വിരിഞ്ഞ മഴവിൽനിറം....
രണ്ടു വർഷങ്ങൾക്കുമുൻപ് കൂടെപ്പഠിച്ചവരൊന്ന് ഒത്തുകൂടിയ അവസരം. പന്ത്രണ്ടു വർഷങ്ങൾക്കുശേഷം അതേ ക്ലാസ്മുറി, അതേ കൂട്ടുകാർ, അതേ ടീച്ചർമാർ. ഒരു വ്യാഴവട്ടത്തിന് ഒരു മാറ്റവും വരുത്താനാകാത്ത മറ്റേതെങ്കിലും സ്ഥലം ലോകത്തുണ്ടാകുമോയെന്ന് അമ്പരന്നു അന്ന്. ഹോസ്റ്റലിൽനിന്നു വാരാന്ത്യങ്ങളിൽ വീട്ടിലെത്തുന്നപോലെ, ഇന്നലെയങ്ങ് ഇറങ്ങിയതല്ലേയുള്ളൂ എന്ന തോന്നൽ! ഇത്തിരി വെള്ളച്ചായംകൊണ്ടുപോലും മുഖമൊന്നു മിനുക്കാതെ, എന്നാലൊട്ടു മങ്ങാതെ... എന്നെങ്കിലും കയറിവരുന്ന ഞങ്ങൾ തിരിച്ചറിയാതെ പോകരുതെന്ന കരുതലായിരുന്നിരിക്കാം.
വൈകുന്ന ദിവസങ്ങളിൽ ടീച്ചർമാരുടെ കണ്ണുവെട്ടിച്ചു ക്ലാസിൽ കയറാനൊരു കുറുക്കുവഴിയുണ്ടായിരുന്നു. അസംബ്ലി നടന്നുകൊണ്ടിരിക്കുമ്പോൾ, എൽപി ക്ലാസുകൾക്കു പുറകിലുള്ള പറമ്പിലെ കമ്പിവേലി ചാടിക്കടന്ന് കയ്യാലവഴി വലിഞ്ഞുകയറി ക്ലാസിലെത്തും. വാതിലിനു പിന്നിൽ മറഞ്ഞുനിന്ന് അസംബ്ലിക്കു ശേഷം വരിയായി ക്ലാസിലേക്കു വരുന്ന കുട്ടികളുടെ കൂടെ ഒന്നുമറിയാത്തപോലെ കയറി ക്ലാസിലിരിക്കും. ആ പറമ്പിലാണത്രേ, പുതിയ സ്കൂൾ കെട്ടിടം വരാൻ പോകുന്നത്.. വരട്ടെ. ഒട്ടും വളരാതെ, അറുപതു കൊല്ലക്കാലം ഒരേ നിൽപുനിന്നു ഞങ്ങളെപ്പോലെ ആയിരങ്ങളെ വളർത്തിയതല്ലേ. ഇനിയൊരിത്തിരി സ്കൂളും വളരട്ടെ.


                                                             


No comments:

Post a Comment